സ്റ്റുഡിയോയുടെ ഭാഗങ്ങൾ ഓരോന്നായി ജെസിബി ഉപയോഗിച്ച‌് പൊളിച്ചുമാറ്റി
സ‌്റ്റുഡിയോയുടെ ഭാഗങ്ങൾ ഓരോന്നായി ജെസിബി ഉപയോഗിച്ച‌് പൊളിച്ചുമാറ്റുകയാണ‌്. സ്റ്റുഡിയോയുടെ സ്ഥാനത്ത് കല്യാണമണ്ഡപമാണ‌് ഇനി ഇവിടെ ഉയരുകയെന്ന‌് അറിയുന്നു.
സ‌്റ്റുഡിയോ വളപ്പിൽ കലാകാരൻമാരും നാട്ടുകാരും ആരാധിച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം കഴിഞ്ഞദിവസം നീക്കി. ഉദയായുടെ അടയാളമായ, ഭൂഗോളത്തിന്റെ മുകളിൽ പൂവൻകോഴിയുടെ പ്രതിമ നേരത്തെ നീക്കംചെയ‌്തിരുന്നു.
പഴയ ഉടമസ്ഥർ ഇവിടം സീരിയലുകളുടെ ചിത്രീകരണത്തിനും മറ്റുമായി വാടകയ‌്ക്ക‌് നൽകിയിരുന്നു. പലയാളുകളുടെ കൈമറിഞ്ഞ‌് ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിൽ സ‌്റ്റുഡിയോ എത്തിയത‌് അടുത്തിടെയാണ‌്.
മലയാളസിനിമയെ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പറിച്ചുനടുകയെന്ന ചരിത്രദൗത്യവുമായി നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയും വിതരണക്കാരനായ കെ വി ജോഷിയും ചേർന്നാണ് പാതിരപ്പള്ളിയിൽ 1947ൽ ഉദയാ സ‌്റ്റുഡിയോ സ്ഥാപിച്ചത‌്.
അതിനും അഞ്ചുവർഷം മുമ്പേ കുഞ്ചാക്കോ സിനിമാനിർമാണ കമ്പനിയായ ഉദയാ പിക്ചേഴ്സ് സ്ഥാപിച്ചിരുന്നു. ഉദയാ നിർമിച്ച വടക്കൻപാട്ട് ചിത്രങ്ങൾ സൂപ്പർഹിറ്റുകളായി.
ശവക്കോട്ടപ്പാലത്തിനടുത്തുള്ള കുടുംബവക കയർഫാക്ടറി നോക്കി നടത്താനും അബ്കാരി ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമായിരുന്നു കുട്ടനാട്ടുകാരനായ കുഞ്ചാക്കോ ആലപ്പുഴയിലെത്തുന്നത‌്.
സിനിമാക്കാരൻ ആലപ്പി വിൻസന്റ് തമിഴ് സ്വാധീനമില്ലാത്ത മലയാളസിനിമയെന്ന സ്വപ‌്നം മാറോടണച്ച‌് നടന്നകാലം. അതിന് അദ്ദേഹം മുൻമന്ത്രി ടി വി തോമസിന്റെ സഹായം തേടി.
ഇവരുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ആലപ്പുഴ ലത്തീൻ പള്ളിക്ക‌് സമീപം വാടകക്കെട്ടിടത്തിൽ ഉദയാ പിക്ചേഴ്സ് ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം മുന്നോട്ടുപോകാനായില്ല.
അങ്ങനെയാണ് അവർ കുഞ്ചാക്കോയെ ഈ പാതയിലേക്കുകൊണ്ടുവന്നത്. പാതിരപ്പള്ളിയിലെ കുഞ്ചാക്കോയുടെ 35 ഏക്കറിൽ 1947ലെ ക്രിസ‌്മസ് ദിനത്തിലാണ‌് ഉദയയ‌്ക്ക‌് തറക്കല്ലിട്ടത‌്.
1949 ജനുവരി 14ന് ഉദയയുടെ ആദ്യചിത്രമായ ‘വെള്ളിനക്ഷത്രം’ പുറത്തിറങ്ങി. കുഞ്ചാക്കോയ്ക്ക് ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല.
പിന്നീട് 1976വരെ മലയാള സിനിമയിൽ കുഞ്ചാക്കോയുടെ സുവർണകാലമായിരുന്നു. 1976 ജൂലൈ 15ന് ചെന്നൈയിൽ കുഞ്ചാക്കോ മരിച്ചു.
മകൻ ബോബൻ കുഞ്ചാക്കോ പിന്നീട് ഉദയായുടെ സാരഥ്യം ഏറ്റെടുത്തെങ്കിലും 2004ൽ അദ്ദേഹവും മരിച്ചതോടെ ഉദയാ അന്യംനിന്നു. 1998ൽ രാജൻ പി ദേവ് സംവിധാനംചെയ‌്ത ‘അച്ചാമ്മക്കുട്ടിയുടെ അച്ചായൻ’ ആണ് അവസാന ചിത്രം.
രണ്ടുവർഷം മുമ്പ‌് കുഞ്ചാക്കോയുടെ കൊച്ചുമകൻ കുഞ്ചാക്കോ ബോബൻ ഉദയായുടെ ബാനറിൽ ‘കൊച്ചവ്വ പൗ ലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രം നിർമിച്ച് ഒരു തിരിച്ചുവരവിന് തുടക്കംകുറിച്ചത‌് സിനിമാപ്രേമികൾക്ക‌് പ്രതീക്ഷ നൽകിയിരുന്നു.