തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ കോണ്‍ഗ്രസില്‍ ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പ്രതാപം അതിശക്തമായി തിരിച്ചുപിടിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. എ ഗ്രൂപ്പിന്റെ മേധാവിത്വം ഉറപ്പിച്ച് ഭാവി മുന്നില്‍കണ്ടുള്ള നീക്കങ്ങളില്‍ വിജയിച്ചുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി.
നാല് സീറ്റിലെ സ്ഥനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയതിന് ഉമ്മന്‍ചാണ്ടിയുടെ പിടിവാശി തന്നെയായിരുന്നു പ്രധാന കാരണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം തന്നെയാണ് അവസാനം നടപ്പിലായത്. കാര്‍ക്കശ്യക്കാരനെന്ന് പേരുകേട്ട മുല്ലപ്പള്ളിക്കുപോലും ഉമ്മന്‍ചാണ്ടിയോട് വാശിപിടിക്കാനായില്ല. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ബെന്നി ബെഹനാന് ചാലക്കുടി സീറ്റ്, ഐ ഗ്രൂപ്പിന് അവകാശപ്പെട്ട വയനാട് തന്റെ ഗ്രൂപ്പിലെ ടി. സിദ്ദീഖിന് തന്നെ ഉറപ്പിക്കാനും പി.ജെ. കുര്യന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ടായിട്ടും അത് പ്രകടിപ്പിച്ച് മാറി നില്‍ക്കാനെ സാധിച്ചുള്ളൂ. കെ.വി. തോമസിന് സീറ്റി നിഷേധിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചായിരുന്നു. എന്നാല്‍ വടകര സീറ്റിലേക്ക് കെ. മുരളീധരനെ കൊണ്ടുവന്നതിലൂടെ മുരളീധരന്റെ ഗ്രാഫ് ഉയര്‍ത്തി ചെന്നിത്തലയ്ക്ക് വെല്ലുവിളിയാകാനും ഉമ്മന്‍ചാണ്ടിക്കായി. ഐ ഗ്രൂപ്പിലാണ് മുരളീധരന്‍ എന്ന് പറയുമ്പോഴും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതോടെ മുരളീധരന്‍ ഇനി ഉമ്മന്‍ചാണ്ടിയോട് വിധേയത്വം കാണിച്ചാലും അത്ഭുതപ്പെടാനില്ല.
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്ക് മാറ്റാന്‍ പാര്‍ട്ടി എതിരാളികള്‍ ശ്രമിച്ചെങ്കിലും ആ നീക്കങ്ങളെ മുളയിലെ നുള്ളാന്‍ ചാണ്ടിക്കായി. സ്വന്തക്കാരനായ ഡീന്‍ കുര്യാക്കോസിന് ആ സീറ്റ് ഉറപ്പിച്ചുകൊടുക്കുകയും ചെയ്തു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഉമ്മന്‍ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാക്കാനായിരുന്നു പാര്‍ട്ടിയിലെ എതിരാളികളുടെ നീക്കം. എന്നാല്‍ അതൊക്കെ പാളിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സോളാര്‍ വിവാദകാലത്ത് ഉമ്മന്‍ചാണ്ടിയോട് അകല്‍ച്ച കാണിച്ച രാഹുല്‍ഗാന്ധിക്ക് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അനുസരിക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്നതാണ് സ്ഥിതി. ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു വി.എം. സുധീരനെ രാഹുല്‍ഗാന്ധി കെ.പി.സി.സി പ്രസിഡന്റാക്കിയത്. എന്നാല്‍ സുധീരന്റെ നേതൃത്വത്തോടെ പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ വഷളാകുകയും പെട്ടെന്നൊരു സുപ്രഭാതത്തില്‍ അദ്ദേഹം രാജിവെച്ചൊഴിയുകയും ചെയ്തു. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ക്ക് വില കൊടുക്കാതെ ഒരു തീരുമാനവും നടപ്പാക്കാന്‍ ഇനി രാഹുല്‍ഗാന്ധി തയ്യാറാകില്ല. കൊച്ചിയിലും ദുബൈയിലും രാഹുല്‍ഗാന്ധിയുടെ പൊതുസമ്മേളനങ്ങളുടെ മുഖ്യ സംഘാടനകനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതി രാഹുല്‍ഗാന്ധി നേരിട്ട് കണ്ടതാണ്. കൂടാതെ യു.ഡി.എഫിലെ മറ്റ് സംഘടനകള്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താല്‍പര്യം. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളെ അവഗണിച്ചൊരു തീരുമാനം കോണ്‍ഗ്രസിന് കൈക്കൊള്ളാനാകില്ലായെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
16 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഗ്രൂപ്പ് രാഷ്ട്രീയം ഇങ്ങനെ
എ ഗ്രൂപ്പ്: ബെന്നി ബെഹനാന്‍, ടി. സിദ്ദീഖ്, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, (എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ എ ഗ്രൂപ്പിലെ ആന്റണി വിശ്വസ്തര്‍)
ഐ ഗ്രൂപ്പ്: വി.കെ. ശ്രീകണ്ഡന്‍, അടൂര്‍ പ്രകാശ്, ഷാനിമോള്‍ ഉസ്മാന്‍, ഹൈബി ഈഡന്‍
പഴയ ഐ ഗ്രൂപ്പുകാരനാണെങ്കിലും കെ. മുരളീധരന്‍ എ ഗ്രൂപ്പുമായി സഹകരിച്ചു നീങ്ങുന്നു. കെ. സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും രമേശ് ചെന്നിത്തലയുമായി അകന്നുനില്‍ക്കുന്നു.
എയിലായിരുന്ന ടി.എന്‍. പ്രതാപന്‍ ഇപ്പോള്‍ വി.എം. സുധീരന്റെ അനുയായി.
ഗ്രൂപ്പില്ലാത്തവര്‍; ശശി തരൂര്‍, രമ്യ ഹരിദാസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍.