തിരുവനന്തപുരം: ഇന്നലെ ഉച്ചനേരം മുതല്‍ കേരള രാഷ്ട്രീയം ഒരൊറ്റ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്… വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധി വരുമോ ഇല്ലയോ എന്നുള്ളത്? മത്സരിക്കാന്‍ സമ്മതം മൂളിയോ എന്നത്? എന്നാല്‍ എന്താണ് വാസ്തവത്തില്‍ സംഭവിക്കുന്നതെന്ന് പരിശോധിച്ചാല്‍. രാഹുലിനെ വയനാട്ടില്‍ മല്‍സരിക്കാനുള്ള ആഗ്രഹം കെ പി സി സി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് ചെന്നിത്തലയാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. രാഹുല്‍ മല്‍സരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സുധീരനും മുല്ലപ്പള്ളിയും പറയുന്നു. സ്വാഗതം ചെയ്യുന്നതായി ഘടകകക്ഷികള്‍. രാഹുലിനു വേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ സന്തോഷമെന്ന് സിദ്ദീഖ്. ഇവരാരും രാഹുല്‍ഗാന്ധി വയനാട്ടില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന ഉറപ്പ് പറഞ്ഞിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളുടെ ബ്രേക്കിങ് ന്യൂസില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചായിരുന്ന വാര്‍ത്തകള്‍.
എന്നിട്ടും തീര്‍ന്നില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെ.പി.സി.സി പ്രസിഡന്റ് തീരുമാനം അറിയിക്കുമെന്ന് ഉച്ചയ്ക്ക് കെ.പി.സി.സി. വൈകിട്ട് പോസിറ്റീവായ തീരുമാനം ഉണ്ടാവുമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷേ, ഒന്നും ഉണ്ടായില്ല.
എന്നാല്‍, ബി.ജെ.പി, സി.പി.എം പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെയും രാഹുലിനെയും തല്ലാനുള്ള നല്ലൊരു വടിയാണ് ഈ ചര്‍ച്ചകളിലൂടെ നടന്നത്. രാഹുല്‍ ഗാന്ധി പരാജയം ഭയന്ന് അമേഠിയില്‍നിന്ന് പേടിച്ചോടുന്നതായി ബിജെപിയും സിപിഎമ്മും ഒരുമിച്ച് ആരോപിച്ചു. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും നിശിത വിമര്‍ശനമാണ് ഉന്നയിച്ചത്. ബി.ജെ.പിക്കെതിരെയാണ് പോരാട്ടമെങ്കില്‍ അവരുടെ തട്ടകങ്ങളില്‍ മത്സരിക്കണമായിരുന്നുവെന്നും സി.പി.എം ആണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശത്രുവെന്ന് ഇതിലൂടെ തെളിഞ്ഞതായും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാല്‍, വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നിര്‍ദേശം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാക്കിയത് നിലവിലെ സ്ഥാനാര്‍ഥി ടി സിദ്ദിഖിനെതിരായ പരാതി പ്രവാഹം കാരണമെന്നാണ് ആക്ഷേപം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന് എഐസിസി സ്ഥിരീകരിച്ചിട്ടില്ല. അതിനുമുമ്പ് ചില നേതാക്കള്‍ നാടകീയമായി പേര് ഉയര്‍ത്തിവിട്ടതും വയനാട് സീറ്റിനുവേണ്ടി നടന്ന ഗ്രൂപ്പ് വടംവലി സൃഷ്ടിച്ച നാണക്കേടില്‍നിന്ന് തലയൂരാന്‍. സിദ്ദിഖിന് വയനാട് സീറ്റ് നേടിക്കൊടുത്തത് ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തമാണ്.
സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ വയനാട് സീറ്റിനുവേണ്ടി പിടിവലിയാണ് നടത്തിയത്. സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോഴിക്കോട് ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. കോഴിക്കോട്, വടകര, വയനാട് എന്നിവിടങ്ങളില്‍ പ്രചാരണ രംഗത്ത്‌നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമെടുത്തു. ഇതിനുപുറമെയാണ് സിദ്ദിഖിനെതിരെ എഐസിസിക്ക് ഇ മെയില്‍ പരാതി പ്രവഹിക്കാന്‍ തുടങ്ങിയത്. ഇതോടെ വയനാട്, വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് നീട്ടിവച്ചു.
സിദ്ദിഖിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥി മാറുമെന്ന അഭ്യൂഹവും ശക്തമായി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍നിന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കാനും തീരുമാനിച്ചു. സിദ്ദിഖിനെ മാറ്റിയാല്‍ അത് കനത്ത തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.
അമേഠിയില്‍ സ്മൃതി ഇറാനിയില്‍നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന രാഹുലിനെ വയനാട്ടിലേക്ക് ഇറക്കാനുള്ള നീക്കം അങ്ങനെ ശക്തമായി. രാഹുലിനോട് വയനാട്ടില്‍ മത്സരിക്കാന്‍ അഭ്യര്‍ഥിച്ചതായി ശനിയാഴ്ച രാവിലെ ഉമ്മന്‍ചാണ്ടിയാണ് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന്, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പി കെ കുഞ്ഞാലിക്കുട്ടിയും പരസ്പരം മത്സരിച്ച് ഇതേആവശ്യം മുന്നോട്ടുവച്ചു. പകല്‍ രണ്ടിന് ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.
പാര്‍ലമെന്റില്‍ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ക്കൂടി മത്സരിക്കണമെന്ന നിര്‍ദേശം മാത്രമാണ് എഐസിസിയുടെ മുമ്പിലുള്ളത്. ഇത് മനസ്സിലാക്കിയാണ് വയനാടിനായി കേരളത്തിലെ നേതാക്കള്‍ മുന്നോട്ടുവന്നത്. രാഹുല്‍ വയനാട് സ്ഥാനാര്‍ഥിയായാല്‍ നിരവധി ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും.